നിയമസഭ കയ്യാങ്കളി കേസ്; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി ശിവന്‍കുട്ടി

നിയമസഭ കയ്യാങ്കളി കേസ് ശക്തമായി കോടതിയിൽ നേരിടുമെന്ന് മന്ത്രി വി ശിവൻകുട്ടി. യു.ഡി.എഫ് മനപൂര്‍വമെടുത്ത കേസാണ് ഇതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവർക്കും അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു. നിയമസഭയിലെ ബഹളം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികളെ കോടതി ഇന്ന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വി ശിവൻകുട്ടിയുടെ പരാമർശം. കുറ്റപത്രം വായിച്ച ശേഷം കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു. കേസ് ഈ മാസം 26നു വീണ്ടും പരിഗണിക്കും. ദേഹാസ്വാസ്ഥ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇ.പി ജയരാജന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് കേസിന്‍റെ വാദം കേൾക്കൽ മാറ്റിവയ്ക്കുകയായിരുന്നു. അന്നേ ദിവസം ഇ.പി ജയരാജൻ നിർബന്ധമായും ഹാജരാകാൻ കോടതി നിർദേശം നൽകി. വിചാരണ തീയതി അന്ന് തീരുമാനിക്കും.

2015 മാർച്ച് 13നു ബാർകോഴക്കേസ് പ്രതി കെ.എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, കെ.അജിത്, സി.കെ.സദാശിവന്‍, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍.