നിയമസഭാ കയ്യാങ്കളി കേസ്; വാദം കേൾക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വാദം കേൾക്കുന്നത് നവംബർ 30ലേക്ക് മാറ്റി. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഒരു മാസത്തെ സമയം തേടി. ഈ അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടർന്നാണ് കേസ് നവംബർ 30ലേക്ക് മാറ്റിയത്. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ എന്നിവരുൾപ്പെടെയുള്ള ആറ് പ്രതികൾക്കും കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ പ്രതികൾ നിഷേധിച്ചിരുന്നു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വിചാരണ തീയതി തീരുമാനിക്കുക.

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ പ്രോസിക്യൂഷൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നതിനിടെയാണ് ഡിവിഡി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഒരു മാസത്തെ സാവകാശം തേടിയത്. 

നിയമസഭാ കയ്യാങ്കളിക്കേസിലെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചപ്പോൾ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചതിന് പിന്നാലെയാണ് കേസിലെ മൂന്നാം പ്രതിയായ ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട ജയരാജൻ ആരോപിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷത്തെ അപമാനിക്കാനാണ് സ്പീക്കറും സർക്കാരും ശ്രമിച്ചതെന്നും ജയരാജൻ പറഞ്ഞു.