നിയമസഭാ കയ്യാങ്കളി ; ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഇ പി ജയരാജൻ

കണ്ണൂര്‍: നിയമസഭാ കയ്യാങ്കളിക്കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.ഐ(എം) നേതാവുമായ ഇ.പി ജയരാജൻ. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായാണ് കോടതി വിധിയെ കാണുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

യു.ഡി.എഫ് എം.എൽ.എമാർ നേതാക്കളെ ആക്രമിച്ചപ്പോൾ താൻ നോക്കി നിൽക്കണമായിരുന്നോ എന്നും ഇ.പി ജയരാജൻ ചോദിച്ചു. നിയമസഭാ കയ്യാങ്കളി കേസ് നിയമപരമായി നേരിടുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. സി.പി.ഐ സമ്മേളനത്തിൽ ഉണ്ടാകുന്ന വിമർശനങ്ങളിൽ പലതും മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ – സി.പി.ഐ.എം പാർട്ടികളെ ഭിന്നിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഇടതുപാർട്ടികളുടെ ഐക്യം പരമപ്രധാനമാണെന്ന് പാർട്ടി നേതൃത്വത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.