നിയമസഭാ സമ്മേളനത്തിന് തുടക്കം; ഇത്തവണ സ്പീക്കർ പാനൽ മുഴുവൻ വനിതകൾ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലുകളാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. സ്പീക്കറായി ചുമതലയേറ്റ ശേഷം എ.എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ നിയമസഭാ സമ്മേളനം കൂടിയാണിത്.
ചരിത്രം സൃഷ്ടിച്ച്, സ്പീക്കർ പാനൽ പൂർണ്ണമായും ഇത്തവണ സ്ത്രീകളാണ്. ഭരണപക്ഷത്ത് നിന്ന് യു.പ്രതിഭ, സി.കെ ആശ, പ്രതിപക്ഷത്ത് നിന്ന് കെ.കെ രമ എന്നിവരാണ് പാനലിലുള്ളത്. ഇതാദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ സ്ത്രീകൾ എത്തുന്നത്.
പാനലിൽ വനിതകൾ ഉണ്ടാകണമെന്ന് സ്പീക്കർ എ.എൻ ഷംസീറാണ് നിർദ്ദേശിച്ചത്. ഇത് അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സ്ത്രീകളെ നിർദ്ദേശിച്ചു. സ്പീക്കർ സഭയിലില്ലാത്തപ്പോൾ സഭയെ നിയന്ത്രിക്കാനാണ് ഈ പാനൽ. കോണ്‍ഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിൽ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ.കെ രമയെ നിർദ്ദേശിച്ചു എന്നതും ശ്രദ്ധേയമാണ്.