ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി; ദയാബായി സമരം അവസാനിപ്പിക്കുമെന്ന് മന്ത്രിമാർ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുവാൻ സാഹചര്യം ഒരുങ്ങുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ദയാബായി നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും അറിയിച്ചു. ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും അംഗീകരിച്ചുവെന്നും മന്ത്രിമാർ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു.