റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 13 മരണം

മോസ്കോ: ഉക്രൈൻ അതിർത്തിയോട് ചേർന്ന തെക്കുപടിഞ്ഞാറൻ റഷ്യയിലെ യെസ്ക് നഗരത്തിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് വൻ തീപിടുത്തം. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ അറിയിച്ചു. 25 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അസോവ് കടലിന്‍റെ തെക്കൻ തീരത്തുള്ള ഒരു തുറമുഖ നഗരമാണ് യെസ്ക്.

സുഖോയ് എസ്.യു-34 യുദ്ധവിമാനമാണ് യെസ്ക് നഗരത്തിലെ ഒമ്പത് നിലകളുള്ള അപ്പാർട്ട് മെന്‍റിന്‍റെ മുറ്റത്ത് തകർന്നുവീണത്. വിമാനം തകർന്നുവീണതിന് പിന്നാലെ തീഗോളത്തിൽ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം 13 പേർ മരിച്ചതായി റഷ്യ അറിയിച്ചു. തീ പിടിച്ച വിമാനം ആകാശത്തിലൂടെ അതിവേഗം പറക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തീപിടുത്തത്തിൽ വിമാനവും കെട്ടിടവും കത്തിനശിച്ചു. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. 

പൈലറ്റുമാരുടെ റിപ്പോർട്ട് അനുസരിച്ച് എഞ്ചിനുകളിലൊന്നിന് തീപിടിച്ചതാണ് വിമാനം തകരാൻ കാരണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടു.