എം.ജി.യില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കും

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രസവാവധി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസ്സമാകില്ല. പ്രസവാവധി രണ്ട് മാസം വരെ അനുവദിച്ചു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസമുണ്ടാവാത്ത തരത്തിൽ പ്രസവാവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ് കുമാർ പറഞ്ഞു.

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും ഉള്ള ഡിഗ്രി, പിജി, ഇന്‍റഗ്രേറ്റഡ് ആൻഡ് പ്രൊഫഷണൽ കോഴ്സുകളിൽ (നോൺ-ടെക്നിക്കൽ) 18 വയസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി നൽകും. പ്രസവത്തിന് മുമ്പോ ശേഷമോ ഈ അവധി എടുക്കാം.

പൊതു അവധി ദിനങ്ങളും പതിവ് അവധി ദിവസങ്ങളും ഉൾപ്പെടെ അവധി ദിനങ്ങളുടെ ദൈർഘ്യം കണക്കാക്കും. ഗർഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി എന്നിവയ്ക്ക് 14 ദിവസത്തെ അവധി അനുവദിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ആർ.അനിത, ഡോ.എസ്.ഷാജില ബീവി, ഡോ.ബിജു പുഷ്പൻ, ഡോ. ജോസ് തുടങ്ങിയവർ ഉൾപ്പെട്ട കമ്മിഷനാണ് പ്രസവാവധി സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്.