ഹിജാബ് ധരിക്കാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു; ഇറാനില്‍ യുവതി അറസ്റ്റിൽ എന്ന് റിപ്പോർട്ട്

ഇറാൻ : ഇറാനിൽ ഹിജാബ് ധരിക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇറാൻ പൊലീസ് ധോന്യ റാഡ് എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി കുടുംബം ആരോപിച്ചു. തല മറയ്ക്കാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ധോന്യയുടെയും സുഹൃത്തിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് കുടുംബം പറഞ്ഞു.

ഇറാനിൽ സര്‍വ്വ സാധാരണമായുള്ള ചായക്കടകളിലൊന്നില്‍ നിന്നുള്ള ദൃശ്യം ബുധനാഴ്ച മുതൽ വൈറലായിരുന്നു. അത്തരം ചായക്കടകൾ പുരുഷൻമാർ ഏറെ എത്തുന്ന ഇടങ്ങളാണ്. ചിത്രം വൈറലായതിന് പിന്നാലെ സുരക്ഷാ ഏജൻസിയിൽ നിന്ന് സഹോദരിയെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ധോന്യയുടെ സഹോദരി പറഞ്ഞു. വിശദീകരണം നൽകാൻ പോയപ്പോഴാണ് ധോന്യയെ അറസ്റ്റ് ചെയ്തതെന്നും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചില്ലെന്നും സഹോദരി ആരോപിച്ചു. തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ധോന്യയെ തടവിലാക്കിയോയെന്ന സംശയത്തിലാണ് കുടുംബം.

ഇറാൻ ഇന്‍റലിജൻസ് മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള എവിൻ ജയിൽ, രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുള്ളവരെ തടവിലാക്കുന്ന ഇടമാണ്. അടുത്ത കാലത്തായി ഇറാനിൽ നിരവധി പേരെ അനധികൃതമായി ഇങ്ങനെ തടങ്കലിലാക്കിയിട്ടുണ്ട്. എഴുത്തുകാരി മോന ബോർസുവെയ്, ഇറാനിയൻ ഫുട്ബോൾ താരം ഹൊസെയ്ന‍ മാഹിനി, മുന്‍ ഇറാന്‍ പ്രസിന്‍റ് അലി അക്ബര്‍ ഹഷ്ഹെമി റാഫ്സാന്‍ജനിയുടെ മകള്‍ ഫെയ്സെയ് റാഫ്സാന്‍ജനി എന്നിവരെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.