ഗുരുദ്വാര ആക്രമണം; സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇ-വിസ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനില്‍ കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ഇ-വിസ അനുവദിച്ചു. നൂറിലധികം പേർക്ക് വിസ അനുവദിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരു സിഖുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കാബൂളിൽ നിരവധി സ്ഫോടനങ്ങൾ നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. നുപുര്‍ ശര്‍മ പ്രവാചകനെ അവഹേളിച്ചതിന് പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരു കാവൽക്കാരനും ഒരു സിഖുകാരനും കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. തീപിടുത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫി ഠാക്കൂർ പറഞ്ഞു. ആഭ്യന്തര അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. അഫ്ഗാനിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് അഫ്ഗാൻ മുന്നോട്ട് പോകുന്നത്. മാനുഷിക സഹായം സംബന്ധിച്ച ചർച്ചകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർ അടുത്തിടെ കാബൂളിൽ എത്തിയിരുന്നു. താലിബാൻ നേതാക്കളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഇതാദ്യമായാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്നത്. കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കുന്നതും ചർച്ച ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ എംബസി അടച്ചിരുന്നു. ചർച്ചകൾക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണമുണ്ടായത്.