എ.കെ.ജി സെന്റര്‍ ആക്രമണം; ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി, നിര്‍ണായക തെളിവ്‌

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ അക്രമണ കേസിലെ പ്രതി ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ജിതിനെതിരായ സുപ്രധാന തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

ഇതിനു മുന്‍പ് ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചുവെന്നാണ് ജിതിന്‍ മൊഴി നല്‍കിയിട്ടുള്ളത്. സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നടന്ന ആക്രമണവും അതിലെ പ്രതിയെ പിടികൂടാനുണ്ടായ കാലതാമസവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിടിയിലായ ജിതിന്‍. കഴക്കൂട്ടം സ്വദേശി സുധീഷിന്റെ പേരിലാണ് സ്‌കൂട്ടര്‍. പൊലീസ് അന്വേഷിക്കുന്ന യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറാണ് സുധീഷ്. സുഹൈല്‍ ഷാജഹാന്‍ നിലവില്‍ ഒളിവിലാണ്. സുധീഷ് നിലവില്‍ വിദേശത്താണുള്ളത്. കഠിനംകുളത്തുള്ള ഇയാളുടെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അന്വേഷണസംഘം സ്‌കൂട്ടര്‍ കണ്ടെടുത്തത്. സ്‌കൂട്ടര്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.