എകെജി സെന്‍റര്‍ ആക്രമണം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസുകൾ വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തുക്കൾ എറിയാൻ പോകുന്നതിനായി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ പൊലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്‍റെ പങ്ക് പുറത്തായത്. സുഹൈലിന്‍റെ ഡ്രൈവർ സുബീഷിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് ജിതിൻ ഉപയോഗിച്ചത്.

സംഭവ ദിവസം രാത്രി ഈ സ്കൂട്ടർ ഗൗരീശപട്ടത്ത് കൊണ്ടുവന്നത് നവ്യയാണ്. സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം ഗൗരീശപട്ടത്ത് നിന്ന് മടങ്ങിയെത്തിയ ജിതിൻ സ്കൂട്ടർ നവ്യയ്ക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവ്യ ഈ സ്കൂട്ടർ ഓടിച്ച് കഴക്കൂട്ടത്തേക്ക് പോകുന്ന ദൃശ്യങ്ങളിൽ നിന്നാണ് അന്വേഷണം ജിതിനിലേക്ക് എത്തിയത്. 

കേസിൽ നവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സ്കൂട്ടർ ജിതിന് കൈമാറിയതായി നവ്യ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ സ്ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ജിതിന്‍റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് നവ്യ ഒളിവിൽ പോയത്. ഇവരെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന ചർച്ചകൾക്കിടെയാണ് ഇവർ ഒളിവിൽ പോകുന്നത്.