എകെജി സെൻ്ററിനു നേരെ ആക്രമണം; സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെ എ.കെ.ജി സെൻററിലേക്ക് സ്ഫോടകവസ്തു എറിയുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലാണ് സ്ഫോടക വസ്തു എറിഞ്ഞയാൾ എത്തിയത്. രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്തുനിന്നും ബൈക്കിൽ എ.കെ.ജി സെൻററിന് സമീപം എത്തിയ ഇയാൾ റോഡിൽ വാഹനം നിർത്തി സ്ഫോടക വസ്തുക്കൾ മതിലിലേക്ക് എറിഞ്ഞ ശേഷം പെട്ടെന്ന് ഓടിച്ചു പോകുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ പറയുന്നു.

എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെയും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻറെയും വീടുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും ഡി.സി.സി ഓഫീസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൻറെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുലിൻറെ വയനാട് സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് എകെജി സെൻററിന് നേരെ ആക്രമണമുണ്ടായത്. വയനാട്ടിലെ തൻറെ ഓഫീസിൻ നേരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതിന് ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ വയനാട് സന്ദർശനമാണിത്.