എകെജി സെന്റർ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതികൾ വാഹനത്തിൽ വരുന്നതിന്‍റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങൾ ആണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനത്തിന്‍റെ നമ്പർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല.

സിസിടിവി, മൊബൈൽ ടവർ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രദേശത്ത് ഇതുവരെ നൂറിലധികം സിസിടിവികൾ പരിശോധിച്ചിട്ടുണ്ട്. മൂന്ന് ടവറുകളിലായി ആയിരത്തിലധികം ഫോൺ കോളുകളും പരിശോധിച്ചു. സംശയിക്കപ്പെടുന്ന നിരവധി പേരെ ചോദ്യം ചെയ്തു. അക്രമിയെത്തിയത് സ്കൂട്ടറിലായതിനാൽ അത്തരം വാഹനം കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തി.

എന്നാൽ, പ്രത്യേക സംഘത്തിന് അക്രമിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ സിഡാക്കിനു കൈമാറിയത്. എ.കെ.ജി സെന്‍ററിലെ സി.സി.ടി.വി ദൃശ്യങ്ങളിലും വാഹന നമ്പർ വ്യക്തമല്ലെന്നതാണ് തിരിച്ചടിയായത്.