എകെജി സെന്റർ ആക്രമണം; ജിതിന് സ്കൂട്ടർ എത്തിച്ചത് സുഹൃത്തായ വനിതാ നേതാവ്
തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ മൺവിള സ്വദേശി ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ജിതിന്‍റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ചോദ്യം ചെയ്യും. വനിതാ നേതാവാണ് പ്രതിക്ക് സ്കൂട്ടർ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇവരെ പ്രതിയാക്കണോ എന്ന കാര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം തീരുമാനമെടുക്കും. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ജൂൺ 30ന് രാത്രി 11 മണിയോടെ കാറിൽ ഗൗരീശപട്ടത്ത് എത്തിയ ജിതിന് അവിടെയുണ്ടായിരുന്ന സുഹൃത്ത് സ്കൂട്ടർ നൽകുകയായിരുന്നു. ജിതിൻ കാറിൽ നിന്നിറങ്ങി സ്കൂട്ടറിൽ കയറി എ.കെ.ജി സെന്ററിന് മുന്നിലെത്തി. സ്ഫോടക വസ്തു സെന്ററിനുനേരെ എറിഞ്ഞ ശേഷം പഴയ സ്ഥലത്തേക്ക് മടങ്ങിയ ഇയാൾ സുഹൃത്തിന് സ്കൂട്ടർ കൈമാറി കാറിൽ വീട്ടിലേക്ക് മടങ്ങിയെന്നാണ് കണ്ടെത്തൽ. വനിതാ നേതാവാണ് സ്കൂട്ടർ കൊണ്ടുവന്നതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. കേസിൽ വ്യാഴാഴ്ചയാണ് ജിതിൻ അറസ്റ്റിലായത്.