എകെജി സെന്റർ ആക്രമണം; തട്ടുകടക്കാരനെ വിട്ടയച്ചതിൽ ദുരൂഹത

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്റർ ആക്രമിച്ച സമയത്ത് അതുവഴി സഞ്ചരിച്ച തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതിൽ ദുരൂഹത. സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ കൃത്യമായ വിവരം ലഭിക്കുന്നതിൻ മുമ്പ് വിട്ടയച്ചിരുന്നു. ഒന്നര ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രാദേശിക സി.പി.എം നേതാവുമായുള്ള അടുപ്പം വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് വിട്ടയച്ചെന്നാണ് ആരോപണം.

ഇയാളുടെ ഫോൺ കോൾ ഉൾപ്പെടെ മറ്റ് അന്വേഷണങ്ങളിലേക്ക് പോകണ്ടതില്ലെന്ന നിർദേശവും പ്രത്യേക സംഘത്തിന് ലഭിച്ചു. ഇതോടെ കേസിൽ രണ്ട് പ്രതികളുണ്ടെന്ന നിഗമനം പൊലീസ് തിരുത്തി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇയാളെ സംശയിക്കേണ്ട ആവശ്യമില്ലെന്ന് ഉറപ്പായതിനാലാണ് വിട്ടയച്ചതെന്നും പൊലീസ് വിശദീകരിച്ചു.

ജൂണ് 30ന് രാത്രിയാണ് എകെജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ കണ്ടെത്തി. ആദ്യത്തേത് സ്ഫോടകവസ്തു എറിഞ്ഞയാളും രണ്ടാമത്തേത് ആക്രമണത്തിൻ മുമ്പും ശേഷവും കടന്നുപോയ സ്കൂട്ടർ യാത്രക്കാരനുമാണ്.