സ്ത്രീക്ക് നേരെ ആക്രമണം; വീട് പൊളിച്ചതിന് പിന്നാലെ ‘കിസാന്‍മോര്‍ച്ച’ നേതാവ് പിടിയില്‍

ന്യൂഡല്‍ഹി: നോയിഡയില്‍ യുവതിയെ ആക്രമിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ശ്രീകാന്ത് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും ചൊവ്വാഴ്ച രാവിലെ മീററ്റിൽ നിന്ന് പിടികൂടി. സ്ത്രീയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ശ്രീകാന്തിന്‍റെ ഭാര്യയെ കൂടുതൽ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ശ്രീകാന്തിനെയും മീററ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശ്രീകാന്ത് ഒളിവിൽ പോയ ശേഷം ഭാര്യയെയും അഭിഭാഷകനെയും ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിനിടെ ശ്രീകാന്ത് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.