ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ; ആശങ്കയറിയിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. “സർക്കാർ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ ഇല്ലേ? ഈ വർഷം 137 കേസുകൾ ഉണ്ട്, ഒരു മാസത്തിൽ 10 സംഭവങ്ങളുണ്ട്.” കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചതിനെ തുടർന്ന് ഡോക്ടറെ ഭർത്താവ് ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് മരിച്ച യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്‌ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ മർദ്ദിച്ച കുറ്റത്തിന് പുറമെ ആശുപത്രി സംരക്ഷണ നിയമം ലംഘിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.