വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; യുക്രൈനിലെ 45 ലക്ഷത്തോളം ജനങ്ങൾ ഇരുട്ടിൽ
കീവ്: യുക്രൈനിലെ ജനങ്ങളെ ഇരുട്ടിലാക്കി യുദ്ധത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ സൈന്യത്തിന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ 4.5 ദശലക്ഷം ആളുകൾ ഇരുട്ടിലായതായി സെലെൻസ്കി പറഞ്ഞു. നേരിട്ടുള്ള സംഘർഷത്തിൽ പരാജയപ്പെടുന്നത് കൊണ്ടാണ് റഷ്യ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഈ നീക്കങ്ങൾ റഷ്യയുടെ ദൗർബല്യത്തെ വെളിപ്പെടുത്തുന്നുവെന്നും സെലെൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
യുക്രൈനിന്‍റെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടികളെ തുടർന്ന്, രാജ്യത്തെ പ്രധാന നഗരങ്ങളിലെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ കഴിഞ്ഞ ആഴ്ചകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ മൂന്നിലൊന്ന് ഒരു മാസത്തിനുള്ളിൽ നശിച്ചതായി സെലെൻസ്കി പറഞ്ഞു. യുദ്ധത്തിൽ നഷ്ടങ്ങൾ നേരിടാൻ തുടങ്ങിയതോടെ റഷ്യ മുന്നണിപ്പോരാട്ടത്തിൽ നിന്ന് പിൻവാങ്ങി. പകരം, ഇപ്പോൾ ആക്രമണം യുക്രൈനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയാണ്.
യുക്രൈനിലെ ഊർജ്ജ ശൃംഖലയ്ക്ക് നേരെയാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈനിലെ കെര്‍സണ്‍ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതായി റഷ്യൻ അധികൃതർ അറിയിച്ചു. ഇത് റഷ്യൻ സൈന്യത്തിന്‍റെ പിൻമാറ്റത്തെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തൽ. നഗരത്തെ നിയന്ത്രണത്തിലാക്കുന്നതിന് പകരം, റഷ്യൻ സൈന്യം നിപ്രോ നദിക്ക് കുറുകെ പ്രതിരോധം തീര്‍ക്കുകയാണ്. ശൈത്യകാലത്തിന് മുമ്പ് തെക്കും കിഴക്കും പ്രതിരോധം കെട്ടിപ്പടുക്കാനും റഷ്യൻ സൈന്യം പദ്ധതിയിടുന്നുണ്ട്.