അട്ടപ്പാടി മധു കേസ്; ശരീരത്തിലെ മുറിപ്പാടുകൾ കസ്റ്റഡി പീഡനത്തിന്‍റേതല്ലെന്ന് ഡോക്ടര്‍ കോടതിയില്‍

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും കസ്റ്റഡി മർദ്ദനത്തിന്‍റേതല്ലെന്ന് മധുവിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.എൻ.എ ബലറാം പറഞ്ഞു. സാക്ഷി വിസ്താരത്തിനെത്തിയ ഡോക്ടറെ പ്രതിഭാഗം വിസ്‍തരിക്കുമ്പോഴാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതിന്‍റെ സ്വഭാവമല്ലെന്ന് ഡോക്ടർ വ്യക്തമാക്കി.

മധുവിനെ അടിക്കാൻ ഉപയോഗിച്ച മരക്കഷണങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു.ഇത്തരം വടികൊണ്ടുള്ള പരിക്കുകൾ ആണോ എന്ന ചോദ്യത്തിന് ആകാം എന്നായിരുന്നു ഡോക്ടറുടെ മറുപടി. മധു മരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇത് മുറിവുകൾ അടയാളപ്പെടുത്തുന്നതിൽ തടസ്സമായോ എന്ന് പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത് ചോദിച്ചു. ഇല്ല എന്നായിരുന്നു ഉത്തരം. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം വൈകുന്നേരം 5 മണി വരെ നീണ്ടു.

മധുവിന്‍റെ അമ്മ മല്ലിയുടെ ചോദ്യം ചെയ്യൽ ചൊവ്വാഴ്ച മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ പൂർത്തിയായി. വിചാരണയ്ക്കിടെ വൈകാരിക മുഹൂർത്തങ്ങൾ കോടതിയിൽ ഉണ്ടായിരുന്നു. മധുവിനെതിരെ മുമ്പ് മോഷണക്കേസ് ഉണ്ടായിരുന്നോ എന്ന് പ്രതിഭാഗം അഭിഭാഷകർ ചോദിച്ചപ്പോൾ, തന്‍റെ മകൻ കള്ളനല്ലെന്നും അത് കേട്ടതിൽ സങ്കടമുണ്ടെന്നും മല്ലി പറഞ്ഞു. വിചാരണയ്ക്കിടെ മല്ലി കരഞ്ഞതോടെ മകൾ സരസുവിനോട് ആശ്വസിപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. സരസു മല്ലിയുമായി സംസാരിച്ച ശേഷമാണ് വീണ്ടും വിചാരണ ആരംഭിച്ചത്.

സമൻസ് ലഭിച്ചതിന് ശേഷം കോടതിയിൽ വന്നതാണോ എന്ന് പ്രതിഭാഗം ചോദിച്ചപ്പോൾ, ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്നായിരുന്നു മറുപടി. കോടതിയിൽ നിന്ന് എന്തെങ്കിലും പേപ്പർ കിട്ടിയിട്ടാണോ വന്നതെന്ന് ജഡ്ജി കെ എം രതീഷ് കുമാർ വിശദീകരിച്ചപ്പോൾ അതെ എന്നായിരുന്നു മറുപടി. മകൾ ചന്ദ്രികയ്ക്ക് പൊലീസ് ജോലി ലഭിച്ചത് മധു മരിച്ചതുകൊണ്ടല്ല. മധു മരിക്കുന്നതിന് മുമ്പ് തന്നെ ഓട്ടവും ചാട്ടവും പൂർത്തിയാക്കിയിരുന്നു. മധു മരിച്ച ദിവസമായിരുന്നു അഭിമുഖമെന്നും വ്യക്തമാക്കി.