അട്ടപ്പാടി മധു വധക്കേസ്; കോടതിയെ തെറ്റിദ്ധരിപ്പിച്ചില്ലെന്ന് 29-ാം സാക്ഷി സുനിൽ കുമാർ

പാലക്കാട്: വിചാരണ വേളയിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് അട്ടപ്പാടി മധു കേസിലെ 29-ാം സാക്ഷി സുനിൽ കുമാർ. ആദ്യ ദിവസം ദൃശ്യങ്ങൾ കോടതിയിൽ കാണിച്ചപ്പോൾ വ്യക്തമായില്ല. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്ന് പറഞ്ഞത്. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ സുനിൽ കുമാർ പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം, വിസിബിലിറ്റി പരിശോധിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഡോക്ടറെ വിസ്തരിക്കാൻ അവസരം നൽകണമെന്ന് സുനിൽകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതിയിൽ കാണിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 29ന് കോടതി വിധി പറയും.

മധുവിനെ പിടിച്ച് കൊണ്ടുവരുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞിരുന്നു. തുടർന്ന് സാക്ഷിയുടെ വിസിബിലിറ്റി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. സുനിലിന്‍റെ കാഴ്ചശക്തിക്ക് കുഴപ്പമൊന്നുമില്ലെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. സുനിൽ കുമാർ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാൽ കോടതി നടപടി നേരിടേണ്ടി വരും.സൈലന്‍റ് വാലി ഫോറസ്റ്റ് ഡിവിഷനിലെ താൽക്കാലിക വാച്ചർ സ്ഥാനത്ത് നിന്ന് സുനിൽകുമാറിനെ നേരത്തെ പുറത്താക്കിയിരുന്നു. 

വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന മധുവിന്‍റെ അമ്മയുടെ ഹർജിയിലും കോടതി 29ന് വിധി പറയും. പ്രതിഭാഗം അനാവശ്യമായി വിചാരണ നടപടികൾ തടസ്സപ്പെടുത്തുന്നതിനാൽ കേസിന്റെ വിചാരണ പൂർണ്ണമായും ചിത്രീകരിക്കണമെന്നാണ് മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം. 

അതേസമയം മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച അഞ്ച് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 69 മുതൽ 73 വരെയുള്ള സാക്ഷികൾ അവരുടെ മൊഴികളിൽ ഉറച്ചുനിന്നു. ഇവരെല്ലാം റവന്യൂ ഉദ്യോഗസ്ഥരാണ്. കേസിലെ 122 സാക്ഷികളിൽ 25 പേർ ഇതുവരെ കൂറുമാറി.