അട്ടപ്പാടി മധു വധം; പ്രതികളുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച വിധി പറയും
വയനാട്: മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ശനിയാഴ്ച വിധി പറയും. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്ക് ജാമ്യം നൽകുന്നത് കുടുംബത്തിന് ഭീഷണിയാണെന്ന് മധുവിന്‍റെ അമ്മ മല്ലിയും കോടതിയെ അറിയിച്ചു. നിലവിൽ 11 പ്രതികൾ വിചാരണത്തടവുകാരാണ്. കേസിൽ ഇന്നത്തെ സാക്ഷി വിസ്താരം പൂർത്തിയായി.
കേസിൽ നാല് സാക്ഷികളെയാണ് ഇന്നലെ വിസ്തരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി നൽകിയ മൊഴിയിൽ ഉറച്ചു നിന്നു. 97-ാം സാക്ഷിയും സൈബർ സെൽ അംഗവുമായ വി.വിനുവിന്‍റെ വിസ്താരവും ഇന്നലെ പൂർത്തിയായി.
ഫോൺ റിമോട്ട് കൺട്രോൾ വഴി പ്രവർത്തിപ്പിക്കുന്നത് തടയുന്നതിനാണ് പിടിച്ചെടുത്ത ഫോണുകൾ ബ്രൗൺ പേപ്പറിന് പുറമേ അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ചതെന്ന് പ്രതിഭാഗത്തിൻ്റെ ചോദ്യത്തിനിടെ സാക്ഷി വിശദീകരിച്ചു.