എഫ്ബിഐ ഓഫിസ് ആക്രമിക്കാൻ ശ്രമം; വെടിവെച്ച് കൊലപ്പെടുത്തി പോലീസ്
ഒഹായോ: അമേരിക്കന്‍ കുറ്റാണ്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഓഫീസിലേക്ക് തോക്കുമായി അതിക്രമിച്ച് കയറിയയാളെ വെടിവെച്ച് കൊലപ്പെടുത്തി. ഒഹായോ നഗരത്തിലാണ് സംഭവം അരങ്ങേറിയത്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലുള്ള വീട്ടില്‍ ഏതാനം ദിവസം മുന്‍പ് എഫ്ബിഐ പരിശോധന നടത്തിയിരുന്നു. ഇതോടെ പുതിയ സംഭവവികാസങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിയിരിക്കുകയാണ്
തോക്കുമായി എഫ്ബിഐ ഓഫീസിലേക്ക് അക്രമി എത്തിയപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തുനിന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്നു. കാര്‍ നഗരത്തിന് പുറത്തുള്ള ഒരു പ്രദേശത്ത് നില്‍ക്കുകയും തുടര്‍ന്ന് ഇയാള്‍ കാറില്‍ നിന്ന് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കീഴടങ്ങാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അക്രമി ഇതിന് തയ്യാറായില്ല.
പോലീസിന് നേര്‍ക്ക് ആയുധം പ്രയോഗിക്കാന്‍ ഒരുമ്പെടുന്നതിനിടയില്‍ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, ട്രംപിന്റെ വീട്ടില്‍ പരിശോധന നടത്തിയതിന് ശേഷമുള്ള ഇത്തരം ഭീഷണികള്‍ ശരിയല്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ അഭിപ്രായപ്പെട്ടു. അതേസമയം, ഇപ്പോഴത്തെ സംഭവത്തിന് ട്രംപിന്റെ വീട്ടില്‍ പരിശോധന നടത്തിയതുമായി ബന്ധുമുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.