ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; സുരക്ഷാവീഴ്ചയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

കണ്ണൂര്‍: ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ സാജന് സസ്പെൻഷൻ. സുരക്ഷാവീഴ്ചയുടെ പേരിലാണ് സസ്പെൻഷൻ. മൂന്ന് കിലോയോളം കഞ്ചാവ് ജയിലിലേക്ക് കടത്താനുള്ള നീക്കം തടയുന്നതിൽ അനാസ്ഥ ഉണ്ടായെന്ന് ജയിൽ ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ജയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരമേഖലാ ഡി.ഐ.ജിയാണ് മൂന്നാഴ്ച മുമ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

സെപ്റ്റംബർ 16നാണ് സംഭവം നടന്നത്. പച്ചക്കറികൾ ജയിലിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ നിന്നാണ് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തത്. ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കാസർകോട് ബാര സ്വദേശി മുഹമ്മദ് ബഷീറിനെയാണ് കണ്ണൂർ ടൗൺ സി.ഐ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നാണ് വിവരം.

ഗുരുതരമായ കുറ്റകൃത്യം നിസ്സാരമായി എടുത്ത് ഒതുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമായിരുന്നു. മൂന്ന് പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തെന്നാണ് പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതുസംബന്ധിച്ച് പൊലീസിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ജയില്‍ ഡി.ജി.പി. പരിശോധിച്ചിരുന്നു. ജയിലിൽ പതിവായി പരിശോധനകളും നിരീക്ഷണവും നടത്തുന്നതിൽ വലിയ വീഴ്ചയുണ്ടായതായി ഡിഐജി (നോർത്തേൺ റേഞ്ച്) പറഞ്ഞു. റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെ കടുത്ത ഭാഷയിലാണ് പരാമർശം. ജയിലിൽ രാഷ്ട്രീയ തടവുകാരുടെ ഇടപെടൽ കൂടിയതായും സെല്ലുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗം വർധിച്ചതായും പരാതി ഉയർന്നിരുന്നു.