പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമം; സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസിക്കെതിരെ കേസ് 

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ സമസ്ത പ്രവർത്തകർക്കിടയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നൽകിയ പരാതിയിലാണ് കേസ്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത ഏകോപന സമിതി യോഗത്തിലാണ് പരാതി നൽകാൻ തീരുമാനിച്ചത്.

സോഷ്യൽ മീഡിയയിലൂടെ സമസ്തയ്ക്കെതിരെ വ്യാജ പ്രചരണം നടത്തുകയും നേതാക്കളെ അപകീർത്തിപ്പെടുത്തുകയും സമസ്ത പ്രവർത്തകർക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഹക്കീം ഫൈസിക്കെതിരെയുള്ള ആരോപണം. നേരത്തെ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഹക്കീം ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കിയിരുന്നു.