രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍ 

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചനയുമായി അറ്റോർണി ജനറൽ. ചില ക്രിമിനൽ നിയമങ്ങൾ സർക്കാർ അവലോകനം ചെയ്യുന്നുണ്ട്. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിൽ ഇക്കാര്യത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന് അറ്റോർണി ജനറൽ എം.വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരപ്പെടുത്തുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 124 എ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് അറ്റോർണി ജനറൽ ഈ നിരീക്ഷണം നടത്തിയത്. അറ്റോർണി ജനറലിന്‍റെ അഭ്യർത്ഥന പരിഗണിച്ച് സുപ്രീം കോടതി ഹർജികൾ പരിഗണിക്കുന്നത് അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാൻ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തിന് അനുമതി നൽകിയിരുന്നു. പുനഃപരിശോധന കഴിയുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.