തൃശൂരിന് പുറത്ത് 4 പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ ഔഷധി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ആയുർവേദ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധി കൂടുതൽ സ്ഥലങ്ങളിൽ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ പുതിയ കേന്ദ്രങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ ഔഷധി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളൊന്നും നടന്നിട്ടില്ല.

82 വർഷമായി കമ്പനി പ്രവർത്തിക്കുന്നുണ്ടെങ്കിലും തൃശൂരിന് പുറത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ ഔഷധിക്ക് കഴിഞ്ഞിട്ടില്ല. തൃശൂരിലെ ചികിത്സാ കേന്ദ്രത്തിൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി ആരംഭിച്ചത്. മുൻ ചെയർമാന്‍റെ കാലത്ത് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള ആലോചന ആരംഭിച്ചിരുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ ഭരണസമിതിക്ക് മുമ്പാകെ മുൻ ചെയർമാൻ നിർദ്ദേശം വെച്ചിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ നിന്ന് ഫണ്ട് അനുവദിച്ചതോടെയാണ് മുടങ്ങിക്കിടന്ന ചർച്ചകൾ ഇപ്പോൾ പുനരാരംഭിച്ചത്. ഭൂമി വാടകയ്ക്കോ വിലയ്ക്കോ ഏറ്റെടുക്കാനാണ് നിർദ്ദേശം. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് ചികിത്സാ കേന്ദ്രങ്ങൾക്കായി പരിഗണിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഔഷധി അധികൃതർ സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദർശിക്കുകയും അവിടത്തെ സൗകര്യങ്ങളിൽ സംതൃപ്തി അറിയിക്കുകയും ചെയ്തു.