സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ഔഷധി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള പ്രക്രിയയുമായി ഔഷധി മുന്നോട്ട്. ആശ്രമത്തിന്‍റെ വില നിർണയിക്കാനുള്ള ചുമതല കളക്ടർക്ക് നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഏറ്റെടുക്കൽ നടപടി.

ഔഷധി നിയോഗിച്ച സമിതിയുടെ അഭിപ്രായത്തിൽ, പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആശ്രമം. കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഔഷധിയുടെ പദ്ധതി.

ഇതിനായി തിരുവനന്തപുരത്തെ ആശ്രമം ഉൾപ്പെടെ നാല് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളും പരിഗണനയിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങൾക്കാണ് പ്രഥമ പരിഗണന. എന്നിരുന്നാലും, വില ഉൾപ്പെടെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ചികിത്സാ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി.