ആവേശപ്പോരിൽ വിന്‍ഡീസിനെതിരെ ഓസീസിന് ജയം

ക്വീന്‍സ്‌ലാന്‍ഡ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

58 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 29 പന്തിൽ 39 റൺസെടുത്ത് പുറത്താകാതെ നിന്ന മാത്യു വെയ്ഡ് ആണ്‌ ഓസ്ട്രേലിയയെ വിജയവര കടത്തിയത്. അവസാന മൂന്ന് ഓവറിൽ 19 റൺസാണ് ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്.

അൽസാരി ജോസഫ് എറിഞ്ഞ 18-ാം ഓവറിൽ ആരോൺ ഫിഞ്ച് (53 പന്തിൽ 58) പുറത്തായതോടെ ഓസ്ട്രേലിയക്ക് നാല് റൺസ് മാത്രമേ നേടാനായുള്ളൂ. ഒഡീൻ സ്മിത്ത് എറിഞ്ഞ 19-ാം ഓവറിൽ പാറ്റ് കമ്മിൻസും പുറത്തായി. ആ ഓവറിൽ വെറും നാല് റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത്. ഇതോടെ അവസാന ഓവറിൽ 11 റൺസായിരുന്നു ലക്ഷ്യം.