സ്വയംഭരണ അധികാരം; ലെജിസ്‌ലേറ്റീവ് അസംബ്ലിക്കായി ലക്ഷദ്വീപ് സമരത്തിലേക്ക്
കൊച്ചി: സർക്കാരുമായുള്ള ഏറ്റുമുട്ടലിന് പുതിയ മുഖം നൽകാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപിലെ ജനങ്ങൾ. ലക്ഷദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ എൻസിപി സ്വയംഭരണാധികാരത്തിനായി ലെജിസ്‌ലേറ്റീവ് അസംബ്ലി വേണമെന്ന ആവശ്യത്തിനായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ലക്ഷദ്വീപ് ഭരണകൂടം ജനവിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് കവരത്തിയിൽ എൻസിപി നടത്തുന്ന സമരം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് സ്വയംഭരണാവകാശത്തിനായി ഹർജി നൽകാനും രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടാനുമാണ് നീക്കം.
ദശാബ്ദങ്ങൾക്ക് മുമ്പ് അന്നത്തെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നിയമസഭ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പുതുച്ചേരിക്ക് ഉൾപ്പെടെ നിയമസഭ നൽകിയപ്പോഴും ലക്ഷദ്വീപ് അവഗണിക്കപ്പെട്ടു. ആദ്യകാലങ്ങളിൽ ഒരു ഉപദേശക സമിതി ഉണ്ടായിരുന്നു. ദ്വീപിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ള ഈ സമിതിക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണ നിർവഹണത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നത്ര അധികാരമുണ്ടായിരുന്നു.
പിന്നീട് പഞ്ചായത്തുകളായതോടെ ഈ കമ്മിറ്റി ഇല്ലാതായി. പകരം ജില്ലാ പഞ്ചായത്ത് വന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് ചീഫ് കൗൺസിലർ പദവിയും പ്രത്യേക അധികാരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതും മാറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന സ്ഥാനം മാത്രമാക്കിയിരിക്കുകയാണ്.