ലഭ്യത കുറയുന്നു; അരി വില കുതിച്ചുയരുന്നു

കൊച്ചി: അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതോടെ അരി വില കുതിച്ചുയരുന്നു. രണ്ടു മാസത്തിനിടെ, എല്ലാ അരിയിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയർന്നിട്ടുണ്ട്. ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്കും 10 രൂപയോളം ഉയർന്നിട്ടുണ്ട്. ഉണ്ട, മട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറു രൂപയോളമാണ്.

ആന്ധ്ര ജയ അരിയാണ് ഏറ്റവും വിലയേറിയത്. മൊത്തവ്യാപാര വിപണിയിൽ ഇതിന് 55 മുതൽ 56 രൂപ വരെയാണ് വില. ചില്ലറ വിപണിയിൽ 62 മുതൽ 63 രൂപ വരെയാണ് വില. കർണാടക ജയയുടെ വിലയും ഉയർന്നിട്ടുണ്ട്. ചില്ലറ വിൽപ്പന 45 രൂപ മുതൽ 46 രൂപ വരെ വിലയ്ക്കാണ്. വ്യാപാരികളുടെ അഭിപ്രായത്തിൽ, എല്ലാ സംസ്ഥാനങ്ങളിലെയും അരി വിപണി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആന്ധ്ര ജയയുടെ വില വർദ്ധിച്ചതോടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളുടെ വിലകുറഞ്ഞ അരി വാങ്ങാൻ തുടങ്ങി. അതോടെ ഇവയ്ക്കുള്ള ഡിമാൻഡ് വർദ്ധിച്ചു. അവർ അവസരം മുതലെടുത്ത് വിലയും വർദ്ധിപ്പിച്ചു.

മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന ക്രാന്തിക്ക് ചില്ലറ വിപണിയിൽ 50 രൂപ വരെയാണ് വില. ജയയെക്കാൾ 12 രൂപയോളം കിലോക്ക് കുറവുള്ളതിനാൽ ക്രാന്തിയാണ് കൂടുതൽ ചെലവാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. സുരേഖക്കും ചില്ലറവില കൂടി 41 രൂപവരെയായി. മൊത്ത വിപണിയിൽ 37-37.50 രൂപയാണ് കർണാടക ജയയുടെ വില. മധ്യപ്രദേശിൽ നിന്ന് എത്തുന്ന ജയ 39ന് ലഭിക്കും. ബംഗാളിൽ നിന്ന് വരുന്ന സ്വർണയ്ക്ക് മൊത്ത വിപണിയിൽ 31 മുതൽ 31.50 രൂപ വരെയാണ് വില.