അവതാറിന് വിലക്കില്ല; എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

അവതാറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷന്‍റെ കീഴിലുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചിത്രം പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്.

അവതാറിന്‍റെ നിർമ്മാതാക്കൾ തിയേറ്റർ കളക്ഷന്‍റെ 60 ശതമാനം ആവശ്യപ്പെട്ടെന്ന കാരണത്താലാണ് ഫിയോക്ക് അധികൃതർ ചിത്രത്തിനെതിരെ രംഗത്ത് വന്നത്. റിലീസ് സംബന്ധിച്ച് മുൻകൂട്ടി അറിയിക്കാതെയാണ് കരാർ നേരിട്ട് തിയേറ്ററുകൾക്ക് അയച്ചതെന്ന് ഫിയോക്കിന് കീഴിലുള്ള തിയേറ്റർ ഉടമകൾ അറിയിച്ചു. ഇതിന് പിന്നാലെ അടുത്ത മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതിൽ ആശങ്കയുണ്ടായി.

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാർ; ദ് വേ ഓഫ് വാട്ടർ’ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്താണ് ചിത്രം എത്തുക.