രാജ്യത്തെ കലാപങ്ങള്‍ അമേരിക്കയുടേയും ഇസ്രയേലിന്‍റെയും സൃഷ്ടിയെന്ന് അയത്തൊള്ള അലി ഖമേനി

ഇറാനിലെ പ്രതിഷേധങ്ങൾക്ക് അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തി ഇറാന്‍റെ പരമോന്നത നേതാവ്.  22കാരിയായ മഹ്സ അമീനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധ പരമ്പരയെക്കുറിച്ചുള്ള തന്‍റെ ആദ്യ പരസ്യ പ്രസ്താവനയിലാണ് അയത്തൊള്ള അലി ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്. അയത്തൊള്ള അലി ഖമേനിയുടെ അഭിപ്രായത്തിൽ, നിലവിലെ കലാപം ഇറാനിലെ ബദ്ധശത്രുക്കളും അവരുടെ സഖ്യകക്ഷികളുമാണ് ആസൂത്രണം ചെയ്തത്.

ഒരു ദശാബ്ദത്തോളം നീണ്ട തന്‍റെ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രതിഷേധമെന്നും കൂടുതൽ കലാപങ്ങളെ നേരിടാൻ സൈന്യം തയ്യാറാകണമെന്നും അയത്തൊള്ള അലി ഖമേനി പറഞ്ഞു. തിങ്കളാഴ്ച നടന്ന പോലീസ്, സായുധ സേനാ കേഡറ്റുകളുടെ ബിരുദദാനച്ചടങ്ങിൽ ബാഹ്യശക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അയത്തൊള്ള അലി ഖമേനി സംസാരിച്ചു. മഹ്സ അമിനിയുടെ മരണം ഹൃദയഭേദകമാണെന്ന് ഇറാന്‍റെ പരമോന്നത നേതാവ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ അന്വേഷങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ തെരുവുകളെ അപകടകരമാക്കിയതും ഖുറാന്‍ കത്തിച്ചതും ശിരോവസ്ത്രം മാറ്റിയതും മോസ്കുകള്‍ക്കും കാറുകള്‍ക്കും തീയിട്ടതും സാധാരണമല്ലെന്നാണ് അയത്തൊള്ള അലി ഖമേനി പറയുന്നത്. വിദേശ ശക്തികള്‍ ആസൂത്രണം ചെയ്ത കലാപമാണെന്നും അത് രാജ്യം എല്ലാ മേഖലയിലും ശക്തിപ്രാപിക്കുന്നതിലുള്ള വിരോധം മൂലമാണെന്നും ഖമേനി പറഞ്ഞു.

അതേസമയം, പ്രതിഷേധങ്ങളോടുള്ള അക്രമാസക്തമായ പ്രതികരണം തങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് യുഎസ് പ്രതികരിച്ചു. രാജ്യത്തെ അശാന്തിക്കും കലാപത്തിനും ബാഹ്യശക്തികളെ കുറ്റപ്പെടുത്താതെ സ്വന്തം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളുടെ ആശങ്കകൾ കേൾക്കണമെന്ന് ലണ്ടൻ പ്രതികരിച്ചു. ഇറാന്‍റെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ച് വരുത്തിയാണ് ടെഹ്റാനി നേതാക്കളോടുള്ള സന്ദേശം ലണ്ടന്‍ പങ്കുവച്ചത്.