‘ആദിപുരുഷ്’ പ്രദര്‍ശനം തടയണം: ആവശ്യവുമായി അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി

‘ആദിപുരുഷ്’ സിനിമാ പ്രദര്‍ശനം തടയണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ്. “ശ്രീരാമൻ, ഹനുമാൻ, രാവണൻ എന്നിവരെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത രീതിയിലാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സിനിമ നിർമ്മിക്കുന്നത് ഒരു കുറ്റമല്ല, പക്ഷേ മനപ്പൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാൻ ഒരു സിനിമ നിർമ്മിക്കുന്നത് ശരിയല്ല” സത്യേന്ദ്ര ദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിനെതിരെ വിമർശനവും പരിഹാസവും ഉയർന്നിരുന്നു. ഹൃദയം തകരുന്നുവെന്നാണ് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞു. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നാണ് സംവിധായകന്‍ പറയുന്നത്.

പ്രഭാസിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതൽ മുടക്ക്. സിനിമയിലെ മോശം വി.എഫ്.എക്‌സ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് ടീസറിന് ട്രോളുകള്‍ കൂടിയതോടെ പ്രമുഖ വി.എഫ്.എക്‌സ് കമ്പനിയായ എന്‍.വൈ.വി.എഫ്.എക്‌സ് വാല വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.