‘അയ്യങ്കാളി ആധുനിക കേരളത്തിന് അടിത്തറ പാകി’

മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഐതിഹാസിക സമരങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. പാർശ്വവത്കരിക്കപ്പെട്ട ദളിതരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ ആധുനിക കേരളത്തിന്‍റെ ചരിത്രത്തിലെ സുവർണ ഏടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ വേതനവും ഇല്ലാതെ നരകതുല്യമായ ജീവിതമാണ് ദളിത് സമൂഹം നയിച്ചിരുന്നത്. അവരുടെ അവകാശങ്ങൾക്കായി സമരങ്ങൾ സംഘടിപ്പിക്കുന്നതിന് അയ്യങ്കാളി നേതൃത്വം നൽകി. ‘അവർണർ’ എന്ന് മുദ്രകുത്തപ്പെട്ടവർക്ക് യാത്ര ചെയ്യാനും വിദ്യാഭ്യാസം നേടാനും നിയന്ത്രണങ്ങളില്ലാതെ സംഘടിക്കാനുമുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ലെന്നും ഈ ഐതിഹാസിക വീരോചിത പോരാട്ടങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയതെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.