‘ആസാദ് കാശ്മീര്‍’ പരാമർശം; ജലീലിനെതിരെ വിമർശനവുമായി കെ സുരേന്ദ്രന്‍

കോട്ടയം: മുൻ സിമി നേതാവ് കെ.ടി ജലീലിൽ നിന്ന് ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് ജലീൽ വിശേഷിപ്പിച്ചത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് എതിരാണ്. രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ല. ഇന്ത്യൻ അധീന കശ്മീർ എന്ന പദം പാക്കിസ്ഥാനിന്റേതാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ജലീൽ തന്‍റെ പോസ്റ്റിൽ സൈന്യത്തിനെതിരെയും സംസാരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ജലീൽ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാൻ നിയമവിരുദ്ധമായി പിടിച്ചെടുത്തതാണ്. 1994-ൽ കശ്മീർ മുഴുവൻ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാർലമെന്‍റ് ഒരു പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സർക്കാരിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ്. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. തോമസ് ഐസക്കിന്‍റെ അഴിമതി ഇഡി അന്വേഷിച്ചാൽ പ്രതിപക്ഷത്തിന് എന്ത് പ്രശ്നമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടായില്ലെങ്കിൽ കേരളത്തിലെ അവസ്ഥ എന്തായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയണം. തന്‍റെ പേരിലുള്ള ചില വിദേശ ഇടപാടുകൾ പുറത്തുവരുമെന്ന് സതീശന് ഭയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.