പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമർശവുമായി ബാബ രാംദേവ്
മുംബൈ: യോഗ ഗുരു ബാബാ രാംദേവ് പൊതുവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തി. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. പതഞ്ജലി യോഗപീഠും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു രാംദേവ്. ക്യാമ്പിനൊപ്പം സ്ത്രീകളുടെ പ്രത്യേക യോഗവും സംഘടിപ്പിച്ചിരുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസിന്‍റെ സാന്നിധ്യത്തിലായിരുന്നു രാംദേവിന്‍റെ പരാമർശം. “സ്ത്രീകൾ സാരിയിൽ സുന്ദരികളാണ്, അമൃതാജിയെപ്പോലെ സൽവാറിലും അവർ സുന്ദരികളാണ്. എന്‍റെ അഭിപ്രായത്തിൽ, സ്ത്രീകൾ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സുന്ദരികളാണ്,” -രാംദേവ് പറഞ്ഞു. അമൃതയുടെ ആരോഗ്യകരമായ ജീവിതശൈലിയെയും ചെറുപ്പത്തിൽ തന്നെ തുടരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും രാംദേവ് അഭിനന്ദിച്ചിരുന്നു.