ബാബറി മസ്ജിദ് കേസ്; 32 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളി ഹൈക്കോടതി
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പേരെ കുറ്റവിമുക്തരാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രമേഷ് സിൻഹ, സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധിക്കെതിരായ അപ്പീൽ തള്ളിയത്.
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ്, മറ്റ് പ്രമുഖ ബിജെപി നേതാക്കൾ എന്നിവരുൾപ്പെടെ 32 പേരെ 2020 സെപ്റ്റംബർ 30ന് പ്രത്യേക കോടതി ജഡ്ജി എസ് കെ.യാദവ് കുറ്റവിമുക്തരാക്കിയിരുന്നു. അയോധ്യ സ്വദേശികളായ ഹാജി മഹ്‌മൂദ് അഹമ്മദ്, സെയ്ദ് അഖ്ലഖ് അഹമ്മദ് എന്നിവരാണ് ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും മുന്‍കൂറായി തയ്യാറാക്കിയ പദ്ധതിയോ ക്രിമിനല്‍ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് പ്രത്യേക കോടതി വെറുതെ വിട്ടത്. എന്നാൽ തങ്ങൾ സംഭവത്തിൽ ദൃക്സാക്ഷികൾ മാത്രമല്ല, ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് വീടുകൾ നശിപ്പിക്കപ്പെട്ടതുള്‍പ്പെടെ വലിയ സാമ്പത്തിക നഷ്ടവും തങ്ങൾക്കുണ്ടായതായി രണ്ടാമത്തെ ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജൻസിയിൽ നിന്നോ പോലീസിൽ നിന്നോ സർക്കാരിൽ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ ആരോപിച്ചു.