ബാബരി മസ്ജിദ്; കോടതിയലക്ഷ്യ ഹര്‍ജികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. അയോധ്യ ഭൂമി തർക്ക കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ അപ്രസക്തമായെന്ന് സുപ്രീം കോടതി പറഞ്ഞു. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച് 1992 ഡിസംബർ 6ന് പള്ളി പൊളിച്ചുനീക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരും ഉദ്യോഗസ്ഥരും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മുഹമ്മദ് അസ്ലം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. 2010ലാണ് അസ്ലം മരിച്ചത്. കേസിൽ അസ്ലമിന് പകരം അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും തുടർനടപടി സ്വീകരിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. തർക്കഭൂമിക്കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഹർജിയായിരുന്നു ഇത്. നിലവില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.