പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ ബാഡ്മിന്റണ്‍ അക്കാദമി

മനാമ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ബാഡ്മിന്റണ്‍ അക്കാദമി ബഹ്‌റൈനിലും തുടങ്ങുന്നു. ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ചാണ് ബഹ്റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഗോപീചന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം നടന്ന ചടങ്ങിൽ ബഹ്റൈൻ അക്കാദമിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ബാഡ്മിന്‍റണിൽ താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമി, യു.എ.ഇ.യിലെ ജി.ബി.എ സെന്‍റർ ഓഫ് എക്സലൻസ് എന്നിവിടങ്ങളിൽ ഉന്നത പരിശീലനം നേടാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.

ഹൈദരാബാദ് അക്കാദമിയില്‍ നിന്നുള്ള മുതിര്‍ന്ന പരിശീലകരും ഇടക്കിടെ ബഹ്‌റൈനിലെത്തും. ഗൾഫ് രാജ്യങ്ങളിൽ ബാഡ്മിന്‍റൺ കൂടുതൽ ജനപ്രിയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗൾഫ് ബാഡ്മിന്‍റൺ അക്കാദമി ബഹ്റൈനിലേക്ക് വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ബഹ്റൈനിലെ കുട്ടികൾക്ക് ബാഡ്മിന്‍റൺ പരിശീലനം നൽകുന്നതിൽ ഇന്ത്യൻ ക്ലബ്ബ് മികച്ച സംഭാവനകൾ നൽകി. ഈ അനുഭവത്തിന്‍റെ ബലത്തിലാണ് ഗോപീചന്ദുമായി സഹകരിച്ച് പുതിയ പരിശീലന കേന്ദ്രം സ്ഥാപിച്ചത്.