പുതുവത്സരം ഗംഭീരമാക്കാൻ പദ്ധതിയുമായി ബഹ്റൈൻ

മ​നാ​മ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി പുതുവത്സരത്തെ വരവേൽക്കാൻ വിപുലമായ ആഘോഷമൊരുക്കുന്നു. ഡിസംബർ 31ന് നടക്കുന്ന വെടിക്കെട്ട് പ്രദർശനവും വിനോദ പരിപാടിയും ബഹ്റൈനിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അതോറിറ്റി. പുതുവത്സര രാവിൽ മ​റാ​സി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിൽ വെടിക്കെട്ട് നടക്കും. ഇതാദ്യമായാണ് ഒരേ ദിവസം നാലിടങ്ങളിൽ വെടിക്കെട്ട് നടക്കുന്നത്.

ഇതിനുപുറമെ, മറ്റ് നിരവധി വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡ്രോൺ ഷോകൾ, തത്സമയ സംഗീത പരിപാടികൾ, ഫുഡ് സ്റ്റാളുകൾ തുടങ്ങിയവയും പുതുവത്സര ദിനത്തെ ഉത്സവമാക്കും. മാർട്ടിൻ ഗാരിക്സിന്‍റെ നേതൃത്വത്തിലുള്ള സംഗീതക്കച്ചേരി ഡിസംബർ 31ന് അൽദാന ആംഫി തിയേറ്ററിൽ നടക്കും.

ബഹ്റൈനിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ. ഡോ. നാസർ ഖാദി പറഞ്ഞു.