‘മോൺസ്റ്ററി’ന്‍റെ 13 മിനിറ്റ് ഒഴിവാക്കി ബഹ്റൈൻ; വിലക്ക് നീക്കി

ഈ വർഷം തീയറ്ററിലെത്തുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ ആയിരുന്നു ആദ്യ ചിത്രം. പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ ടീമിനൊപ്പം മോഹൻലാൽ ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്‍റെ സിഖ് ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.

21ന് തീയറ്ററിലെത്തുന്ന ചിത്രത്തിന് യു.എ.ഇ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചതായി കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. എൽജിബിടിക്യുഐഎ പ്ലസ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്‍റെ പേരിലാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിർമ്മാതാക്കൾക്ക് ആശ്വാസം പകരുന്ന ഒരു വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജിസിസി രാജ്യമായ ബഹ്റൈൻ സിനിമയുടെ വിലക്ക് നീക്കിയിട്ടുണ്ട്.

എന്നിരുന്നാലും, ചിത്രത്തിൻ്റെ 13 മിനിറ്റ് ഉള്ളടക്കം ഒഴിവാക്കിക്കൊണ്ടാണ് ബഹ്റൈനിൽ ചിത്രത്തിന് പ്രദർശനാനുമതി. മോൺസ്റ്ററിന്‍റെ മുൻകൂർ ബുക്കിംഗുകളും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. യുഎഇ റിലീസ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.