പടക്ക നിരോധനം; ദീപാവലിക്ക് കർശന നടപടികളുമായി ഡൽഹി സർക്കാർ
ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ആറ് മാസം വരെ തടവും 200 രൂപ പിഴയുമാണ് ശിക്ഷ. പടക്ക നിർമ്മാണം, സംഭരണം, വിൽപ്പന എന്നിവയിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ലഭിക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി ഒന്നു വരെ സംസ്ഥാനത്ത് പടക്കങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. ശൈത്യകാല മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ 2 വർഷമായി തുടരുന്ന സമ്പ്രദായമാണിത്. ‘പടക്കമല്ല ദീപം കത്തിക്കൂ’ എന്ന പേരിൽ വെള്ളിയാഴ്ച സർക്കാർ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിക്കുമെന്ന് റായ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ 51,000 വിളക്കുകൾ തെളിക്കും.
ഒക്ടോബർ മുതൽ സംസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമാണ്. ഈ സമയത്ത് തന്നെ, വിളവെടുപ്പിന് ശേഷം അവശേഷിക്കുന്ന കറ്റ വേഗത്തിൽ ഇല്ലാതാക്കുന്നതിനായി കർഷകർ വയലുകളിൽ തീയിടുന്നതും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കും. പടക്കം കത്തിക്കുമ്പോൾ പുറന്തള്ളുന്ന പുക കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും അത്യന്തം അപകടകരമാണെന്ന് മന്ത്രി പറഞ്ഞു. ഹരിയാനയിലെ 14 ജില്ലകളിൽ കഴിഞ്ഞ വർഷം പടക്കം നിരോധിച്ചിരുന്നു.