രാത്രികാല വിനോദയാത്രകൾക്ക് നിരോധനം; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: രാത്രികാല സ്കൂൾ, കോളേജ് യാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ട്രാൻസ്പോർട്ട് കമ്മീഷണറോട് വിശദീകരണം തേടി. നാലാഴ്ചയ്ക്കകം വിശദീകരണം നൽകാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നൽകി. പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നൽകിയ പരാതിയിലാണ് നടപടി.
സംസ്ഥാനത്ത് സ്കൂൾ, കോളേജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയിൽ പറയുന്നു. വൈകുന്നേരങ്ങളിൽ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. ഈ പ്രവണതകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഡ്രൈവർമാരുടെ അമിത വേഗത, മയക്കം, ഡ്രൈവർമാരുടെ മയക്കുമരുന്ന് ഉപയോഗം എന്നിവ പലപ്പോഴും രാത്രി സമയങ്ങളിൽ വർദ്ധിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.
2007 ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലറിൽ രാത്രി 9 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ സർക്കുലറിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, പാലക്കാട് വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.