ഇന്ധനവില 50 ശതമാനം ഉയർത്തി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് ഇന്ധന വില വർധിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ഇന്ധന വില 51.7 ശതമാനമാണ് വർധിപ്പിച്ചത്. ഒരു ലിറ്റർ ഒക്ടേനിന്‍റെ വില 135 ടാക്ക (1.43 ഡോളർ) ആയി ഉയർത്തി. നേരത്തെ ഒരു ലിറ്റർ ഒക്ടേനിന്റെ വില 89 ടാക്കയായിരുന്നു.

ഡീസലിന്‍റെയും മണ്ണെണ്ണയുടെയും വില 42.5 ശതമാനമാണ് വർധിപ്പിച്ചത്. ഒരു ലിറ്റർ ഡീസലിന് 114 ടാക്കയാണ് വില. പെട്രോൾ വില 44 ടാക്ക വർദ്ധിച്ച് 130 രൂപയായി. പെട്രോൾ വിലയിൽ 51.1 ശതമാനമാണ് വർദ്ധനവ്.

ഇന്ധന വില വർദ്ധനവോടെ ബംഗ്ലാദേശിലെ പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം നിലവിൽ 7.56 ശതമാനമാണ്. ബംഗ്ലാദേശിലെ പണപ്പെരുപ്പം ഇപ്പോൾ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്.