ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ്: നീണ്ട ഇടവേളയ്ക്കു ശേഷം ഉനദ്കട് ടീമിൽ

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ധാക്കയിൽ തുടങ്ങി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ സക്കീർ ഹസനും നജ്മുൽ ഹുസൈൻ ഷാന്‍റോയും നാല് റൺസ് വീതം നേടി ക്രീസിലുണ്ട്. ആദ്യ മത്സരം 188 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. പരിക്കിൽ നിന്ന് ഇനിയും മുക്തനായിട്ടില്ലാത്ത രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുക.

ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യൻ ലൈനപ്പിൽ മാറ്റമുണ്ട്. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി എട്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന് പകരം ജയദേവ് ഉനദ്കടിനെ ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശ് നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. യാസിറിന് പകരം മൊമിനുൽ ഹഖും എബദത്ത് ഹുസൈന് പകരം തസ്കിൻ അഹമ്മദും ടീമിലെത്തി.

ഒരു ദശാബ്ദത്തെ കാത്തിരിപ്പിനൊടുവിൽ ജയദേവ് ഉനദ്കട് വീണ്ടും ഇന്ത്യൻ ജേഴ്സി അണിയാനൊരുങ്ങുകയാണ്. ഉനദ്കട്ട് നേരത്തെ ഒരു ടെസ്റ്റ് മത്സരം കളിച്ചതിന് ശേഷം ഇന്ത്യ 118 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നേരത്തെ 2010ൽ ഉനദ്കട് ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റ് മത്സരം കളിച്ചിരുന്നു. ഇതോടെ ഏറ്റവും കൂടുതൽ മൽസരങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച താരമെന്ന റെക്കോർഡ് ഉനദ്കടിന്‍റെ പേരിലാണ്. 2010 നും 2018 നും ഇടയിൽ 87 ടെസ്റ്റുകളുടെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ദിനേശ് കാർത്തിക്കിന്‍റെ റെക്കോർഡാണ് തകർത്തത്.