ബാങ്ക് സമയം; രാവിലെ കൂട്ടണമെന്ന് ബാങ്ക് ജീവനക്കാര്‍, വൈകീട്ട് കൂട്ടണമെന്ന് ഓഫീസര്‍മാര്‍

ന്യൂഡല്‍ഹി: എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി നൽകി പകരം മറ്റ് ദിവസങ്ങളിൽ ജോലി സമയം നീട്ടുന്നതിനെ ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും അനുകൂലിക്കുന്നുണ്ടെങ്കിലും, സമയം എപ്പോൾ വർദ്ധിപ്പിക്കണമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായം. രാവിലെ സമയ വർദ്ധനവ് വേണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. വൈകുന്നേരം അരമണിക്കൂർ വർദ്ധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് , ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവർ അരമണിക്കൂര്‍ അധിക ജോലി രാവിലെയാവണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക് അസോസിയേഷനു കത്തയച്ചു.

അതേസമയം, വൈകുന്നേരം സമയം വർദ്ധിപ്പിക്കണമെന്ന് ഓഫീസര്‍മാരുടെ ദേശീയ സംഘടന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവർ സംയുക്തമായാണ് കത്ത് സമർപ്പിച്ചത്.