ബേസിൽ ജോസഫിന്റെ ‘ജയ ജയ ജയ ജയ ഹേ’ ടീസർ പുറത്തുവിട്ടു

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ബേസിൽ ജോസഫിന്‍റെ ”ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രം ഒരു കോമഡി എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിവാഹവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ദർശന രാജേന്ദ്രൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും. 

പാൽതു ജാൻവർ എന്ന ചിത്രത്തിന് ശേഷം റിലീസാകുന്ന ബേസിലിന്റെ പുതിയ സിനിമയാണ് ‘ജയ ജയ ജയ ജയ ഹേ’. നേരത്തെ, റിലീസ് വിവരങ്ങൾ പങ്കിടുന്ന മോഷൻ പോസ്റ്റർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ബേസിലും ദർശനയും വിവാഹ വേഷത്തിൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ദർശന. ബേസിലിന്‍റെ ചിത്രത്തിലും ദർശന മറ്റൊരു മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്.

‘ജാനേമൻ’ നിർമ്മിച്ച ചിയേഴ്സ് എന്‍റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പേങ്ങൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.