ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനറിന് ഇനി പുതിയ തുടക്കം

റഷ്യയിൽ തടവിലായിരുന്ന ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനർ ജയിൽ മോചിതയായ ശേഷം ആദ്യമായി കോർട്ടിൽ എത്തി. ടെക്സാസിലെ സാൻ അന്‍റോണിയോ സൈനിക ബേസിൽ വളരെക്കാലത്തിന് ശേഷം താരം ബാസ്കറ്റ്ബോൾ കളിച്ചു. ജയിൽ ഓർമകളിൽ നിന്നുള്ള ആഘാതത്തെ മറികടക്കാനുള്ള പരിശീലനത്തിലാണ് ബ്രിട്നി ഇപ്പോൾ.  

യുഎസ് ടീമംഗവും വനിതാ ദേശീയ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ ഫീനിക്സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍ താരവുമായ ബ്രിട്നി രണ്ട് ഒളിംപിക് സ്വര്‍ണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 17നാണ് മയക്കുമരുന്ന് കൈവശം വച്ചതിന് മോസ്കോ വിമാനത്താവളത്തിൽ വെച്ച് ബ്രിട്നിയെ അറസ്റ്റ് ചെയ്തത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ബ്രിട്നിയുടെ വാദം റഷ്യന്‍ കോടതി തള്ളിക്കളഞ്ഞതിനൊപ്പം ഒമ്പത് വര്‍ഷത്തെ തടവിന് താരം ശിക്ഷിക്കപ്പെടുകയായിരുന്നു.

ആരാധകരുടെ നിരന്തര സമ്മർദ്ദമാണ് താരത്തിന്റെ മോചനത്തിനുള്ള ആക്കം കൂട്ടിയത്. വിശദമായ ചർച്ചകൾക്ക് ശേഷം, ആയുധ ഇടപാടുകാരനും മുൻ റഷ്യൻ സൈനികനുമായ വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് പകരമായി കൈമാറാൻ ധാരണയായതോടെ ബ്രിട്നിയെ മോചിപ്പിക്കുകയായിരുന്നു.