പാക്കിസ്ഥാനിലേക്കു പോകാൻ സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാനാകില്ലെന്ന് ബിസിസിഐ

മുംബൈ: അടുത്ത വർഷം പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. സ്വന്തം നിലയ്ക്ക് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് പുതിയ ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്തിമ തീരുമാനം എടുക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന പുരുഷ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായാണ് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വിവാദമായത്. വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ രംഗത്തെത്തി. “കളിക്കാരുടെ സുരക്ഷയ്ക്ക് രാജ്യം മുൻഗണന നൽകുന്നു. അതിനാൽ, ആഭ്യന്തര മന്ത്രാലയം വിഷയം പഠിച്ച് തീരുമാനമെടുക്കും,” ഠാക്കൂർ പറഞ്ഞു.

ടൂർണമെന്‍റിനായി മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ അല്ലെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയിലേക്ക് വരണമെങ്കിൽ, സർക്കാരിൽ നിന്ന് അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാൽ ടൂർണമെന്‍റിനായി ഏത് രാജ്യത്തേക്ക് പോകുന്നതിനും തടസ്സമില്ലെന്നും ബിന്നി പറഞ്ഞു.