ഗാംഗുലിയെ കൈവിട്ട് ബിസിസിഐ; ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും പിന്തുണയ്ക്കില്ല

മുംബൈ: മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ, ഐസിസി ചെയർമാൻ സ്ഥാനത്തേക്കും പിന്തുണയ്ക്കേണ്ടെന്ന് ബിസിസിഐ തീരുമാനം. ന്യൂസിലാൻഡിൽ നിന്നുള്ള നിലവിലെ ചെയർമാൻ ഗ്രെഗ് ബാര്‍ക്ലേയെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണക്കാനാണ് ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിൽ ധാരണയായതെന്നാണ് റിപ്പോർട്ട്. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരുടെയും പേര് നിർദേശിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ഐസിസി പ്രതിനിധിയായി ആരെ അയയ്ക്കണമെന്ന കാര്യത്തിൽ പുതിയ ഭാരവാഹികൾക്ക് തീരുമാനമെടുക്കാമെന്നും ബിസിസിഐ വാർഷിക പൊതുയോഗം തീരുമാനിച്ചു. അടുത്ത മാസം മെൽബണിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഐസിസിയുടെ പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മറ്റന്നാളാണ്.